തൃശൂർ/ കോട്ടയം: അമേരിക്കയിലെ കലിഫോർണിയയിൽ മലയാളി യുവതി, സുഹൃത്തുക്കളായ തൃശൂർ, കോട്ടയം സ്വദേശിനികളെ കൊലപ്പെടുത്തി. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് -സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച കലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം.
അനില എന്ന മലയാളി യുവതിയാണു കൊലപാതകത്തിനു പിന്നിലെന്നും ഇവർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽവച്ചാണു സംഭവമെന്നും അഞ്ജനയുടെ ബന്ധുക്കൾ അറിയിച്ചു.ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന ചിങ്ങവനം സ്വദേശി ആനിയെ കുത്തിക്കൊന്നശേഷം പുറത്തിറങ്ങിയ അനില അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്കു വിളിച്ചുവരുത്തിയശേഷം കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
അഞ്ജനയ്ക്കൊപ്പം ഭർത്താവ് പീച്ചി വിലങ്ങന്നൂർ സ്വദേശി വിജിഷും ആറു വയസുകാരി വാമികയുമാണു താമസിക്കുന്നത്. അഞ്ജനയെ ഇടിച്ചുവീഴ്ത്തിയശേഷം പുറത്തേക്ക് കാർ ഓടിച്ചുപോയ അനിലയെ കലിഫോർണിയ പോലീസ് കസ്റ്റഡിയിലെടുത്തു. അനിലയുടെ നാട് എവിടെയാണെന്ന് അറിയില്ലെന്ന് അഞ്ജനയുടെ ബന്ധുക്കൾ പറഞ്ഞു.
കൊല്ലപ്പെട്ടത് രണ്ടു മലയാളി യുവതികൾ